Sunday, February 7, 2010

"ബാര്‍ബര്‍ ബാലന്‍ റീമിക്സ് ": അഥവാ ഒരു ജന്മദിന ഗാനം...

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാര്‍ ആരെന്നു ചോദിച്ചാല്‍ ആകെ രണ്ടു ഉത്തരമേ ഒള്ളു...

ഒന്ന് നമ്മുടെ പ്രിയങ്കരനായ പോച്ചയും .. പിന്നെ രണ്ടാമത്തെ ആള്‍ ഷീനയും ആണ്

" രണ്ടാം സ്ഥാനം" കൊടുത്തത് "... ഷീനയെ വിലകുറച്ച് കാണുന്നത് കൊണ്ട് അല്ല , പെണ്ണെഴുത്ത്‌ എന്ന് പറഞ്ഞു "മെയില്‍ ഷോവനിസം " പ്രകടിപ്പിക്കുന്നത് കാരണവും അല്ല

പോച്ചയുടെ കവിതയ്ക്ക് പോച്ച മാത്രം ആണ് ഉത്തരവാദി, വേറെ ആരും അതില്‍ പങ്കാളികള്‍ അല്ല... പിന്നെ " പച്ചയായ ജീവിതം " ; അത് പോച്ചയുടെ കവിതകളില്‍ മാത്രമേ കാണു...

പക്ഷെ ഷീന യുടെ കവിതകള്‍ക് ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികളുടെ മുഴുവന്‍ " മുടിഞ്ഞ പ്രോത്സാഹനം " (വരികള്‍ സംഭാവന ചെയ്യല്‍ ..) കാണും .. ,
മാത്രം അല്ല ,അതില്‍ അതിശയോക്തി ( ! ഈ ചിഹ്നം ഇടക്ക് ഇടക്ക് ഇടേണ്ടി വരും..) അല്പം കൂടുതലാണ്...

ഷീനയെ അറിയത്തില്ലാതവര്‍ക്കായി ( അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ) ഒരു ചെറിയ വിവരണം.

കോഴിക്കോട് സ്വദേശം ,
ആറ് അടിക്കു അടുത്ത് പൊക്കം ( വെറുതെ പൊക്കമില്ലാത്ത ആണ്‍കുട്ടികള്‍ക്ക് കോമ്പ്ലക്സ് ഉണ്ടാക്കാന്‍..! ), വെളുത്ത നിറം ,പച്ച വെള്ളം ചവച്ചു അരച്ച് കുടിക്കുന്ന പഞ്ച പാവം..

ആരെങ്കിലും അറിയാതെ പേര് ചോദിച്ചാല്‍ " ഷീന " എന്ന് പറയും .. ഇനിഷ്യല്‍ പറയുമ്പോള്‍ അഞ്ചു സെക്കന്റ്‌ നേരത്തേക്ക് എല്ലാ പല്ലും പുറത്തു കാണും..
ദൂരെ നിന്ന് കാണുന്ന ഒരാള്‍ ഈ രംഗം വിവരിക്കുന്നത് ഇങ്ങനെ ആരിക്കും ..

" ആ പയ്യന്‍ ആ പെണ്ണിനോട് 'പല്ല് തേച്ചോ' എന്നല്ലേ ചോദിച്ചത്? ..!"

അയ്യോ ഇപ്പഴ ഓര്‍ത്തത്‌ " ഷീന ഈ " ഇപ്പോള്‍ " ഷീന ഐ " ആണ്.. കല്യാണം കഴിഞ്ഞു ...( " ഐ " എന്ന് അവള്‍ പറയുന്നത് കാണാന്‍ എനിക്ക് പറ്റിയിട്ടില്ല.. )

ഐ യുടെ പൂര്‍ണ രൂപം " ഇര്‍ഷാദ് ഇരുമ്പന്‍ " എന്നാണ് , ഇതും ഷീന പറയുമ്പോള്‍ അവസാന വാക്ക് ഒന്ന് " ഇരുത്തി " ആണ് പറയാറ്.. " ഘനഗംഭീരമായ" ആ പേര് കേള്‍കുമ്പോള്‍ മഹാ ചൂടനും, കര്‍ക്കശക്കാരനും ആയ ഒരു സബ് ഇന്‍സ്പെക്ടര്‍ ആണ് ഓര്‍മയില്‍ വരിക...

( ഞങ്ങളില്‍ നിന്നും മാന്യമായ പെരുമാറ്റം ഉറപ്പു വരുത്താന്‍ ഉള്ള തന്ത്രം ആയിരുന്നു പോലും അത്...... ഭയങ്കരീ !") .....

ഈ ഭീകര ഇമേജ് കാരണം ഷീന ഒരു കവയത്രി ആണെന്ന് ആരും അറിഞ്ഞിരുന്നില്ല.. അതായിരുന്നു ഷീനയുടെ വിജയം..

ക്ഷമിക്കണം പള്ളിപ്രസംഗം പോലെ അവതരണം നീണ്ടു പോയി.... നേരെ സംഭവത്തിലേക്ക് കടക്കാം ....

ഐ എന്‍ എച് ഹോസ്റ്റല്‍ ഇലെ ആണ്‍കുട്ടികള്‍ എല്ലാം ആര്‍ത്തി പണ്ടാരങ്ങള്‍ ആണ് എന്ന സത്യം , സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് അതിയായ ദുഖം ഉണ്ട് ..
തിന്നാന്‍ കൊള്ളാവുന്ന എന്തെങ്കിലും അവിടെ കൊണ്ട് വന്നാല്‍ (ഏതു പട്ടികുറുക്കന്‍ കൊണ്ടുവന്നാലും ... ) സൊമാലിയ മോഡല്‍ ആക്രാന്തം ആണ് പിന്നെ .

ഈ രഹസ്യം ആരോ ചോര്‍ത്തി പെണ്ണുങ്ങള്‍ക്ക്‌ കൊടുത്തു ..



അങ്ങനെ ഒരു ദിവസം പതിവുപോലെ നേരത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ ഷീന എല്ലാവരുടെയും മുന്‍പില്‍ തടസം നിന്ന് ....

" ആ ..നിക്ക്.. നിക്ക്... പോകാന്‍ വരട്ടെ , ഇന്ന് സരിതയുടെ പിറന്നാള്‍ ആണ് ... എല്ലാവരും ആ ക്ലാസ് റൂമിലേക്ക്‌ കേറൂ... "

" .. ഓ .. കേക്ക് തരാന്‍ ആണെന്ന് തോന്നുന്നു.. ഹായ് .. " എല്ലാവരും രണ്ടു സെക്കന്റ്‌ കൊണ്ട് ഹാജര്‍ ആയി ( പ്രിന്സിപാല്‍ വിളിച്ചാല്‍ പോലും ഇത്ര പ്രതികരണം ഒന്ടാവില്ല..)..

എല്ലാവരും ഒണ്ടു എന്ന് ഒറപ്പ് വരുത്തിയ ശേഷം ഷീന പ്രസംഗ പീഠം ത്തിനു അരികിലേക്ക് വന്നു.... കയ്യില്‍ ഒരു തുണ്ട് കടലാസും...

" സുഹൃത്തുക്കളെ നമ്മുടെ സരിതയുടെ പിറന്നാളിന് ഒരു പ്രത്യേക സമ്മാനം.. ഞങ്ങള്‍ കൊറേ പേര്‍ ചേര്‍ന്ന് എഴുതിയ ഒരു കവിത " ഞാന്‍" ചൊല്ലാന്‍ പോവുകയാണ്.. "

" വേണ്ട ഷീനെ നമുക്ക് ആദ്യം കേക്ക് തിന്നാം.. എന്നിട്ട് പിന്നെ കേക്ക് തിന്നാം.." എന്ന ടയലോഗ് നെ അവഗണിച്ചു കൊണ്ട് , ഷീന "ടുമ്മേ" എന്ന് കവിത അങ്ങ് തുടങ്ങി....

" വ്യത്യസ്തയാമൊരു ചളുവടി വീരയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.." (ഈ ലൈന്‍ രണ്ടു പ്രാവശ്യം പാടി...)

( ബാര്‍ബറാം ബാലനെ എന്നത് മാറ്റി .. എന്നെ ഒള്ളു , ആ രാഗവും താളവും എല്ലാം ഒരേ പോലെ...)

അമ്മെ..! എല്ലാവരും അപകടം മണത്തു...

ഒരു രക്ഷയുമില്ല ഷീന തകര്‍ക്കുകയാണ് ....
എല്ലാവരുടെയും മുഖം, "പൊട്ടിയ തണ്ണിമത്തന്‍" പോലെ ആണ് ഇരിക്കുന്നെ.. (പോച്ച സഹിതം..).. ഷീന കാണാതെ ചിരിയും ബഹളവും തുടങ്ങി...

" സരിത, സരിത , ജട മോറി ഞങ്ങടെ സരിത ,സരിത , ഹോയ് ... ഹോയ് ..ഹോയ്.. "

ഹോയ് ഹോയ് എന്ന സംഗതിയില്‍ എല്ലാരും വീണു ...
ദിവസവും വീട്ടില്‍ പോയ്‌ വരുന്ന ആള്‍ ആയ ' ഭടന്‍ (റെജിന്‍ ) ' വാച്ചില്‍ നോക്കിക്കൊണ്ട്‌ പതുക്കെ എണീറ്റു.. ( അവന്‍ കേക്ക് ഉപേക്ഷിക്കാന്‍ തയ്യാറായി..)

ഭടന്‍ന്റെ പുറകെ പോകാന്‍ റെഡിയായി എല്ലാവരും ഇരിക്കുകയാണ് ... തോമാച്ചന്‍ പതുക്കെ ബെഞ്ച്‌ഇല്‍ നിന്ന് കുറച്ചു പൊങ്ങി...

വെറുതെ പോകുന്നത് മോശമല്ലേ എന്ന് വിചാരിച്ചു ഭടന്‍
" AVK പോകാറായി എന്ന തോന്നുന്നേ" എന്ന് പറഞ്ഞു രണ്ടു സ്റ്റെപ്പ് വച്ചു...

അപ്പോള്‍ ഷീന ഒരു താക്കീതിന്റെ സ്വരത്തില്‍ ചോദിച്ചു ... "എടാ ഭടാ.. നീ എങ്ങോട്ടാ.? "
ഭടന്‍ : മൂന്നര ആയില്ലേ എ വി കെ പോകും ..

(കൊട്ടിയം വഴി പോകുന്ന ബസ്‌ ആണ്.. ഇവന്‍ ഈ സെയിം ടയലോഗ് അടിച്ചാണ് സ്ഥിരം ക്ലാസ്സില്‍ നിന്ന് ചാടുന്നത്.. )..

ഷീന: നീ അവിടെ ഇരിക്ക് ഇപ്പൊ..

ഭടന്‍ : ഷീനെ ... എന്‍റെ എ വി കെ ഇപ്പം പോകും ....

ഷീന: "ഷീനയുമില്ല , കൂനയുമില്ല ഒരു കുന്തവുമില്ല .. നീ ഈ ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങിയാല്‍ നിന്‍റെ കാലു രണ്ടും ഞാന്‍ ചവിട്ടി ഒടിക്കും.. "

ഷീന കയ്യൊക്കെ ചൂണ്ടി ഭടനെ അനക്കാതെ നിര്‍ത്തിയിരിക്കുവാന്..

" ചൂടായാല്‍ എന്നെ എനിക്ക് തന്നെ പിടിച്ചാല്‍ കിട്ടില്ല.. ഇവിടെ മനുഷ്യന്‍ ഒരു കവിത നന്നായി ചൊല്ലി വരുമ്പോഴാ അവന്‍റെ ഒരു എ വി കെ .."

രണ്ടു കാലു നാല് കാലു ആകുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഭടന്‍ ഒരു നമ്പര്‍ ഒക്കെ ഇട്ടു പതുക്കെ വന്നു ഇരുന്നു ..

" അയ്യേ ...! ഇത് മൂന്നര അല്ലെ.. ഞാന്‍ വിചാരിച്ചു നാലര ആരിക്കും എന്ന് .... ഹി ഹി ഹി ... എന്റെ ഒരു കാര്യം... ഷീനയെ അങ്ങ് പറ്റിച്ചു കളഞ്ഞു.. "

ഞങ്ങള്‍ ആരും ചിരിച്ചില്ല.. എല്ലാരും ഞെട്ടി ഇരിക്കുവാണ്... ഷീന ഇത്രേം ശക്തിമതി / ശക്തിമാനത്തി ആണെന്ന് ആരും പ്രതീക്ഷിച്ചില്ല..

എണീക്കാന്‍ പൊങ്ങിയ തോമാച്ചന്‍.. ഇരിക്കുന്ന ഉപകരണം വീണ്ടു ബെഞ്ചില്‍ വച്ചു... എന്നിട്ട് " ഷീനെ .. ബാക്കി കവിത... പ്ലീസ്..".

ഞങ്ങള്‍ക്കണേല്‍ ഇന്ന് INH ഇല്‍ പോയില്ലെലും കൊഴപ്പമില്ല എന്നായി...

(എത്ര വലിയ ശക്തനാനെലും ഒരെണ്ണം കിട്ടിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പേരുദോഷം ആരിക്കും.. തോമാച്ചന്‍ ആ തത്വം ഉള്‍കൊണ്ടു)..

ഷീന വര്‍ധിത ഊര്‍ജത്തോടെ :

" കുടുംബം വെളുപ്പിക്കും ... .. ... "


"കുടുംബം വെളുപ്പിക്കും ക്രീമുമായെത്തി വദനം മിനുക്കുന്ന കുളിക്കാത്ത രംഭ.."


കമന്‍റ് അടിച്ച എല്ലാവരും ഇപ്പോള്‍ താളം പിടിക്കുന്നുണ്ട് .. ഞാനൊക്കെ ഡിസ്കില്‍ തായമ്പക വിരിയിക്കുകയല്ലേ ... !

ശരീരത്ത്കൂടെ ലോറി കയറി ഇറങ്ങിയ തവളയെപ്പോലെ, ഡിസ്കില്‍ കമിഴ്ന്നു കിടന്നു ചിരിച്ച അപ്പച്ചന്‍; എണീറ്റിരുന്നു "ടോക് ","ടോക് " എന്ന് പട്ടിയെ വിളിക്കുന്ന മാതിരി താളം പിടിക്കുകയാണ്...

അങ്ങനെ അവസാന ലൈന്‍ വരെ എങ്ങനെയോ എത്തി...

" സരിത... സരിത ... സരിതാ .. ഹോയ് ഹോയ് സരിതാ " .
"
സരിത .. ഹോയ് ഹോയ് ഹോയ് .."

പതുക്കെ സരിതയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഹോ .. ആ.. നാണവും അഭിമാനവും.. !, കാണേണ്ടതായിരുന്നു...

പിന്നെ എല്ലാവര്‍ക്കും സരിത ഓരോ മുട്ടായി തന്നു... " ബിരിയാണി തന്നാലെ മുതലാകു സരിതെ" എന്ന് പറയാന്‍ എല്ലാവര്‍ക്കും ആഗ്രഹം....

പക്ഷെ ഷീന കേട്ടാലോ..?

എന്തേലും അഭിനന്ദനം പറയാതിരിക്കുന്നതെങ്ങനെ എന്ന് വിചാരിച്ചു ഞാന്‍ ഷീനയോടു..

" നല്ല കവിത, തന്നെ എഴുതിയതാണോ ? "

" അല്ല , അവളുമാര്‍ എല്ലാം സഹായിച്ചു, മിനു,സിനി,സൌമ്യാ,നാജ,... എല്ലാരും "

" ട്യൂണോ ?"

" അത് തുടക്കത്തിലേ തീരുമാനിച്ചതാ ഇതാണെന്ന് .. ഇപ്പൊ ഇതല്ലേ ഹിറ്റ്‌.."

" അത് നന്നായി.. എന്തെ സംഘ ഗാനം പാടാതിരുന്നത്‌.. ?"

" ചിലര്‍ക് ഒക്കെ ജലദോഷം ഒണ്ടു... അതുകൊണ്ട് ഞാന്‍ അങ്ങ് പാടി , മോശമായില്ലല്ലോ അല്ലെ ..? "

" ഏയ് ..ഇല്ല , ഷീന അല്ലെ പാടിയെ എങ്ങനെ മോശമാകും ?"

" ആ കവിത ഒന്ന് കാണിക്കാവോ..?"

" ഇന്നാ നീയെടുത്തോ.. വേറെ വല്ലവര്‍കും വേണേല്‍ കൊടുത്തേരെ.."

ഞാന്‍ സംപൂജ്യനായി കവിത പോക്കെറ്റില്‍ ഇട്ടു..

"2050 ഇലെ അലുംനിക്ക് ഞാന്‍ അത് വീണ്ടും കൊണ്ടുവരാം.."

സംഭവം അവിടെ തീര്‍ന്നു പക്ഷെ ഗുണപാഠം പലതു പഠിച്ചു..

എനിക്ക് മനസിലാകാത്ത കാര്യം അതല്ല

"എന്താണ് ഈ കലാകാരന്മാര്‍ക്ക് / കാരികള്‍കും ഇത്ര മുന്‍കോപം ( pocha,sheena) ..
ഇത് അഹങ്കാരമല്ലേ ?..

പാവങ്ങള്‍ക് കവിത എഴുതാന്‍ കഴിവില്ല എന്ന് വച്ചു ഇത്ര ജാഡ വേണോ.."

ഷീനയോടു അപേക്ഷ: ആളെ വിട്ടു എന്നെ തല്ലിച്ചോ, നേരിട്ട് വരരുത്..
നമ്മള്‍ ഒരുമിച്ചു പഠിച്ചത് ഓര്‍ത്തെങ്കിലും നിന്‍റെ ഇരുമ്പ്ഏട്ടനോട് രണ്ടു ഇടി കുറക്കാന്‍ പറയണം .. പറയില്ലേ..?

വാല്‍ക്കഷണം:
കമന്റ് എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് : ഉജേഷ് ന്റെ അച്ഛന്‍ , അമ്മ ഈ ബ്ലോഗ്‌ വായിക്കുന്നുണ്ട്..
പിന്നെ..

എല്ലാവരും പ്രതികരണം അറിയിക്കുന്നത് ഫോണ്‍ വഴി ആണ് .. പ്ലീസ് എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നെ .. ? കമന്‍റു എഴുതിയാല്‍ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കിക്കൂടെ..