Wednesday, April 21, 2010

ഒരു അറിയിപ്പ്..

ഒരു ഗസല്‍ രാവിന്റെ ഓര്‍മയ്ക് എന്നാ പോസ്റ്റ്‌ മൂന്നു ഭാഗങ്ങളും ചേര്‍ത്ത് ഒന്നാക്കുന്ന പരിശ്രമാത്തിനിടയില്‍ അതില്‍ രണ്ടു ഭാഗങ്ങളും ഡിലീറ്റ് ആവുകയും , ആ ദേഷ്യത്തില്‍ മൂന്നാമതെത് ഞാന്‍ സ്വയം ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നാ സന്തോഷ വര്‍ത്തമാനം അറിയിക്കുകയാണ്.....

Tuesday, April 6, 2010

മോര്‍ണിംഗ് സെഷന്‍ ....

ആരുടേയും ശല്യമില്ലാതെ രാവിലെ മൂടിപ്പുതച്ചു കിടന്നുറങ്ങുക എന്നത് എത്ര സുഖമുള്ള കാര്യമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ......
തലേ ദിവസം വല്ലവന്റെയും മെക്കിട്ടു കേറിയതിന്റെയും, തെറിവിളിച്ചതിന്റെയുമൊക്കെ ക്ഷീണം ഈ ഉറക്കത്തിലൂടെയാണ് പോകുന്നത്.... അത് കാരണം ഹോസ്റ്റലില്‍ മിക്കവാറും എല്ലാവരും ഒരു ഒന്‍പതു മണിയോട് അടുപ്പിച്ചാണ് എണീക്കുന്നത് (ടോമും ,പോച്ചയും ഒഴികെ )....
ഒന്‍പതു മണിക്ക് ക്ലാസ് ഉള്ളത് കൊണ്ടാണ് കൃത്യം ഒന്‍പതിന് അഞ്ചു മിനിറ്റ് മുന്‍പ് എണീക്കുന്നത്..
പിന്നെ മെസ്സിലേക്ക് ഒരു ഓട്ടം .. രണ്ടു മാസം പട്ടിണി കിടന്നവനെ പോലെ ആര്‍ത്തി പിടിച്ചു ഒരു തീറ്റ .. വീണ്ടും ഒരു ഓട്ടം കോളേജ് ലേക്ക് .....
എന്തായാലും ഒരു പതിനഞ്ചു മിനിറ്റ് താമസിച്ചേ ക്ലാസ്സില്‍ കയറു എന്ന് നിര്‍ബന്ധമുണ്ട്..

ചില ദിവസം കിടന്ന കിടപ്പില്‍ ഒരു തീരുമാനം എടുക്കും "ഇന്നു ക്ലാസ്സില്‍ പോകുന്നില്ല.. ഉറങ്ങിയിട്ട് തന്നെ ബാക്കി കാര്യം "... പിന്നെ ഒരു മാരത്തോണ്‍ ഉറക്കമാണ്..... പിന്നെ രാവിലെ ക്ലാസില്‍ പോയവര്‍ ഉച്ചക്ക് വരുമ്പോഴേ കണ്ണ് തുറക്കു..... നല്ല മൂഡ്‌ ആണെങ്കില്‍ ചോറുണ്ട് കഴിഞ്ഞും കിടക്കും പിന്നെ നാലരക്ക് എണീക്കും(ചായ കുടിക്കാന്‍).

മെസ്സില്‍ കഴിക്കാന്‍ പുട്ട് ആണെങ്കില്‍ ഞാന്‍ കൂടെ ഉള്ളവരോട് പറഞ്ഞേക്കും "അളിയോ .. ഞാന്‍ ഉച്ച കഴിഞ്ഞേ ഉള്ളു .. ആരേലും ചോദിച്ചാല്‍ ഭയങ്കര തല വേദനയും പനിയും ആണെന്ന് പറഞ്ഞേരെ..".. കാരണം എനിക്ക് പുട്ട് തിന്നാന്‍ വളരെ അധികം സമയം വേണം.
തന്നെയുമല്ല "പുട്ടാണോ വലുത് ക്ലാസ്സാണോ വലുത് ?".. സംശയമെന്ത് പുട്ട് തന്നെ...


ചില ദിവസം പാന്റ്സ് ഉം ഷര്‍ട്ട്‌ ഉം ഒക്കെ ഇട്ടു എക്സിക്യൂട്ടീവ് ലൂകില്‍ ക്ലാസ്സില്‍ പോകാന്‍ നിക്കുമ്പോഴാരിക്കും ഏതെങ്കിലും ഒരു റൂമില്‍ ആരേലും കിടന്നു ഉറങ്ങുന്നത് കാണുന്നത്...
അപ്പോഴും സംശയം.. "ഉറക്കമാണോ വലുത് ക്ലാസ്സാണോ വലുത്.." സംശയമെന്ത് ഉറക്കം തന്നെ..
ഈ ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ ഉടനെ കിടക്കുന്നവനെ കുറച്ച്‌ തള്ളിമാറ്റി അവിടെ തന്നെ കിടന്നു ഉറങ്ങും..


ഇങ്ങനെ പലവിധ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് എല്ലാ ദിവസവും താമസിച്ചായിരിക്കും ചെല്ലുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ.. ഹോസ്റ്റലില്‍ ഉള്ളവര്‍ക് മാത്രമാണ് ഈ പ്രശ്നങ്ങള്‍ ഒക്കെ .. തിരുവനന്തപുരത്ത് നിന്നും , മാവേലികരയില്‍ നിന്നും ഒക്കെ രാവിലെ എട്ടിനും , എട്ടരക്കും ക്ലാസ്സില്‍ എത്തുന്നവര്‍ ധാരാളം ഒണ്ടു , അപ്പോഴാണ്‌ വെറും നൂറു മീടര്‍ അകലെ കിടക്കുന്ന ഞങ്ങള്‍ എല്ലാ ദിവസവും താമസിച്ചു വരുന്നത്.. എല്ലാ ദിവസവും ഓരോ നുണകള്‍ കണ്ടു പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടും ആയിരുന്നു ... അത് കാരണം വെള്ളം തീര്‍ന്നു പോയ്‌, ഭക്ഷണം തീര്‍ന്നു പോയ്‌ ഇതൊകെയാണ് സ്ഥിരം നമ്പരുകള്‍ ..
ഇടയ്ക്കിടെ വെള്ളത്തിന്റെ കാരണം പറയുമ്പോള്‍ ടീച്ചേഴ്സ് വിശ്വസിക്കില്ല.. അവര്‍ ചോദിക്കും "നിങ്ങള്ക് മാത്രം എന്താ ഇടയ്ക്ക് വെള്ളമില്ലാതെ .. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒണ്ടല്ലോ.." (അവിടത്തെ ടാങ്കില്‍ നിന്നാണ് ഞങ്ങള്‍കും ഹോസ്റ്റലില്‍ വെള്ളം എത്തിക്കുന്നത്...)

അപ്പോഴാണ്‌ അടുത്ത അടവ്..

"ടീച്ചര്‍നു ഞങ്ങളെ വിശ്വാസമില്ല അല്ലെ .. വിളിക്കട്ടെ, എല്ലാവരോടും വരാന്‍ പറയട്ടെ .. അപ്പോഴെങ്കിലും സത്യം മനസിലാകുമല്ലോ.."

( ഇത് ഒരു ഭീഷണി യുടെ മറ്റൊരു രൂപം ആണ്..പല്ല് തേക്കുകയും കുളിക്കുകയും ചെയ്യാതെ പത്തിരുപതു പേര്‍ തന്റെ ക്ലാസ്സില്‍ ഇരിക്കണമെന്ന് ആര്കെങ്കിലും ആഗ്രഹമുണ്ടോ..)

"അതൊന്നും വേണ്ട.. എന്നാലും.."

"ഒരു എന്നാലുമില്ല .. ഞാന്‍ അവരോടു എല്ലാം വരാന്‍ പറയാം .. ദേ ..അഞ്ചു മിനിറ്റ് നു ഉള്ളില്‍ എല്ലാരും വരും.."
എന്നിട്ട് ഫോണ്‍ എടുക്കുന്നതുപോലെ ഭാവിക്കുമ്പോള്‍...

"വേണ്ട.. എല്ലാരും കുളിച്ചിട്ടും പല്ല് തെച്ചിട്ടുമൊക്കെ വന്നാല്‍ മതി.. "

എല്ലാവരും പോരെ എന്ന് എങ്ങാനും പറഞ്ഞാല്‍ ബുദ്ധിമുട്ടിയേനെ..
മഞ്ഞള്‍ പൊടി കൊണ്ട് പല്ല് തേക്കാം എന്ന് വെക്കാം.. കുളിക്കാത്ത ലുക്ക്‌ കിട്ടാന്‍ എന്ത് ചെയ്തേനെ..?
മനസ്സില്‍ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അപ്പോഴേ പതുക്കെ സ്ഥലം വിട്ടു....



രണ്ടു പേരുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്നു ആദ്യമേ പറഞ്ഞില്ലേ (ടോമും , പോച്ചയും ) ടോം ഒരു ഏഴര എട്ടു ഒക്കെ ആകുമ്പോള്‍ എഴുന്നെല്കും..

പോച്ച ഒരു പത്തര പതിനൊന്നു ആകുമ്പോള്‍ എണീക്കും..
പതിയെ.. വളരെ പതിയെ.. മെസ്സിലേക്ക് പോകും..
ഭക്ഷണം പതിയെ.. വളരെ പതിയെ ചവച്ചു അരച്ച് കഴിക്കും..
പക്ഷെ കോളെജിലേക്ക് പറന്നു.. ഓടി .. ചാടി ഒരു പോക്കാണ്.. ഒരു പതിനൊന്നര ആകുമ്പോള്‍ ചെല്ലും ... പന്ത്രണ്ടിന് ആണ് ക്ലാസ് മോര്‍ണിംഗ് സെഷന്‍ തീരുന്നത്..
പണ്ടൊക്കെ ടീച്ചര്‍മാര്‍ ചോദിക്കുമായിരുന്നു "എന്താ പോച്ച ഇത്ര താമസിച്ചത്.."
അപ്പോള്‍ പോച്ച പറയും "ഉറങ്ങി പോയ്‌ ടീച്ചറെ.. "
എന്ത് കൊണ്ട് ആണ് ഉറങ്ങിയത് എന്ന് ആരും ചോദിക്കില്ലല്ലോ...

പിന്നീട് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ടീച്ചേര്‍സ് താമസിച്ചതിനു കാരണം ചോദിച്ചിട്ട് ഒള്ളു ..
ചിലപ്പോള്‍ കുറ്റബോധം തോന്നിയിട്ട് (അതോ ബോറടിച്ചിട്ടോ..), പുതിയ സ്റ്റൈല്‍ നുണയൊക്കെ ടീചെര്സ്‌ ആവശ്യപെടാതെ തന്നെ കാരണമായി പോച്ച അടിച്ചു വിടും...

അങ്ങനെ പ്രശസ്തമായ നുണയാണ് "വയസന്‍ ഡ്രൈവര്‍.."

ഒരു ദിവസം പോച്ച പതിവുപോലെ താമസിച്ചു പോകാന്‍ ഇറങ്ങിയപ്പോഴാണ് ഹിമേഷ് ഹോസറെലിന്റെ വാതുക്കല്‍ നില്കുന്നത് കണ്ടത്.

അസമയത് പുതിയ ആളെ കണ്ടത് കാരണം പോച്ച ചോദിച്ചു "നീ എന്താ ക്ലാസില്‍ പോകാത്തത്"?

"വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ കൊണ്ട് വരണമായിരുന്നു വന്നപ്പോള്‍ പത്തു മണി കഴിഞ്ഞു.. ഇനി ഉച്ച കഴിഞ്ഞു പോകാം എന്ന് കരുതി .."

ഉടനെ പോച്ച.."നീ എന്ത് മണ്ടത്തരമാ കാണിച്ചേ .. ഇത്രേം നേരത്തെ വന്നിട്ട് ക്ലാസ്സില്‍ പോയില്ലേ.. നീ വന്നപ്പോ ഞാന്‍ എണീട്ടിട്ടു പോലും ഇല്ലല്ലോ.."
വാ നമുക്ക് ക്ലാസ്സില്‍ പോകാം ഒരു പ്രശ്നവും ഒണ്ടാകില്ല -എന്ന് പറഞ്ഞു പോച്ച ഹിമെഷിനെയും കൊണ്ട് കോളേജില്‍ പോയ്‌...

ക്ലാസ്സില്‍ ചെന്നപ്പോള്‍ ടീച്ചര്‍ "എന്താ ഹിമേഷ് താമസിച്ചത് എന്ന് ചോദിച്ചു "...
മറുപടിയായി പോച്ച "കമ്പ്യൂട്ടര്‍ വീട്ടില്‍ നിന്ന് കൊണ്ട് വരണമായിരുന്നു.."
"ആരുടെ വീട്ടില്‍ നിന്ന്..?" ടീച്ചര്‍ മറു ചോദ്യം ഉന്നയിച്ചു...
"ഹിമേഷ് ന്റെ വീട്ടില്‍ നിന്ന് , ഞാനും പോയിരുന്നു അതാ അവനും , ഞാനും താമസിച്ചത്.."
"ഹിമേഷ് ന്റെ വീട് തിരുവനന്തപുരത്ത് അല്ലെ ..? എപ്പോഴാ വീട്ടില്‍ നിന്ന് ഇറങ്ങിയത്‌..?"
"ഏഴു മണിക്ക്.." ഇത് ഹിമേഷ് ആണ് പറഞ്ഞത്..
ടീച്ചര്‍ക്ക് താമസിച്ചതിനു കാരണം മനസിലായില്ല.. "തിരുവനന്തപുരം കൊല്ലം മാക്സിമം രണ്ടു മണിക്കൂര്‍ മതിയല്ലോ.. കാറില്‍ തന്നെയല്ലേ വന്നത്.."..

അപ്പോഴാണ്‌ പോച്ചയുടെ കുറിക്കു കൊള്ളുന്ന മറുപടി വന്നത് .... "ഡ്രൈവര്‍ ഭയങ്കര വയസനായിരുന്നു ടീച്ചര്‍.. അത് കൊണ്ടാ നാല് മണിക്കൂര്‍ എടുത്തത്‌.. കണ്ണൊക്കെ.. ഹി ഹി ഹി.."

പറഞ്ഞു കഴിഞ്ഞപ്പോഴാണ് കൊറച്ചു ഓവര്‍ ആയോ എന്ന് പോച്ചക്കും സംശയം.. പിന്നെ ഒരു ചിരിയില്‍ അഡ്ജസ്റ്റ് ചെയ്തു നിന്ന്...

ഒരു നിമിഷം കൊണ്ട് ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മാഞ്ഞു... അവസാനം നിര്‍വികാരമായി നിന്നിട്ട്..
"ആ പൊക്കോ .. മേലാല്‍ ഇത്രയും ബുദ്ധി മുട്ടി നുണ പറയാന്‍ ഒന്നും നിക്കണ്ട ... വരുമ്പോഴേ അങ്ങ് കേറിക്കോ.. കേട്ടോ.. "

കേട്ടപാതി കേള്കാത്ത പാതി രണ്ടു പേരും പോയ്‌ ഇരുന്നു.. ഇരിക്കുമ്പോള്‍ ഹിമേഷ് പോച്ചയോടു പറഞ്ഞു..

"പോച്ച അണ്ണാ അമ്മച്ചിയാണേ ഞാന്‍ വിരണ്ടു പോയ്‌.. ഇമ്മാതിരി ജീവന്‍ പണയം വയ്ക്കുന്ന തരം തമാശയൊന്നും നമുക്ക് വേണ്ട കേട്ടോ .. "




അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ എണീറ്റത് പത്തു മണിക്ക് ആണ്.... ഭക്ഷണമൊക്കെ കഴിച്ചു വന്നപ്പോഴേക്കും സമയം പത്തര .. എന്നാല്‍ ഇന്ന് രാവിലെ ഇനി പോകണ്ട എന്ന് വിചാരിച്ചു ഹോസ്റെലിനു മുന്‍പിലെ കസേരയില്‍ പത്രം വായിച്ചു ഇരിക്കുകയാണ്.. aപ്പോഴാണ് പട പട പാടാ ന്നു ഒരു ശബ്ദം ... നോക്കിയപ്പോള്‍ പോച്ച ആണ് ക്ലാസ്സില്‍ പോകാന്‍ വണ്ടിയും ഇരപ്പിച്ചു വരികയാണ് .. എന്നെ കണ്ടപടി "അണ്ണേ ...മൂന്നാമത്തെ അവര്‍ പിടിക്കാനുള്ള തിരക്കാണ് .. നീ ഇന്ന് പോകുന്നില്ലേ.."

"ഇല്ല ഇത്രയും താമസിച്ചില്ലെ..? ഉച്ച കഴിഞ്ഞേ ഉള്ളു.." എന്ന് ഞാന്‍ മറുപടി പറഞ്ഞു..

"ഞാന്‍ അര മണിക്കൂര്‍ നേരത്തെ ആണ്.. സാരമില്ല.. പോയേക്കാം.. " എന്ന് പറഞ്ഞു പോച്ച അങ്ങ് പാഞ്ഞു പോയ്‌...
പോകുന്ന വഴിക്ക് വിളിച്ചു ചോദിച്ചു.."നീ എന്താ ഇന്ന് കാരണം പറയുന്നത്...?"
"പനിയായത് കൊണ്ട് ഹോസ്പിടല്‍ ഇല്‍ പോയ്‌ എന്ന് പറയും .."...

"ങേ .. എന്താ പറഞ്ഞെ.. " എന്ന് ചോദിച്ചു കൊണ്ട് പോച്ച റിവേഴ്സ് ഗിയറില്‍ വന്നു.

"പനിയായിട്ട് ആശുപത്രിയില്‍ പോയെന്നു പറയും .."

"ഏതു ആശുപത്രിയില്‍...?"

"ഏതെങ്കിലും ഒരു ആശു പത്രി അന്നേരം അങ്ങ് അടിച്ചു വിടും ..."

"അത് പോര കൃത്യമായി പറ .."

"ശങ്കേഴ്സ് ഹോസ്പിടല്‍ എന്ന് പറയും .. എന്താ എന്തെങ്കിലും കുഴപ്പമുണ്ടോ.?"

"ഒരു കുഴപ്പവുമില്ല.. ആശുപത്രിയുടെ പേര് മാറ്റരുത്.. നിനക്ക് ഭയങ്കര പനി അല്ലെ..
തന്നെ ഹോസ്പിറ്റലില്‍ പോകാന്‍ ബുദ്ധിമുട്ടല്ലേ.. ഞാന്‍ ആണ് ആശുപത്രിയില്‍ കൊണ്ടുപോയത് എന്ന് പറഞ്ഞോണം.. ഹോ ഇന്ന് രക്ഷപെട്ടു..! ഒരു കിടിലന്‍ കാരണം പറഞ്ഞിട്ട് കൊറേ നാള് ആയി.. ഇത് ഞാന്‍ കലക്കും.."

ഞാന്‍ ഒരു അപേക്ഷ മാത്രം വച്ചു.."പോച്ചേ .. വയസന്‍ ഡ്രൈവര്‍ പോലെ കയ്യില്‍ നിന്ന് കൂടുതല്‍ ഒന്നും ഇട്ടു എന്റെ കട്ടയും പടവും മടക്കരുതെ.."

"നിന്റെ കാര്യം ഞാന്‍ ഏറ്റു.. ഏതൊക്കെ ഞാന്‍ എത്ര കണ്ടതാ.. പിന്നെ ആ അപ്പച്ചന്‍ തെണ്ടി മുകളില്‍ കിടന്നു ഉറങ്ങുന്നുണ്ട് .. നിന്നെ ആശുപത്രിയില്‍ കൊണ്ടുപോയതിനു അവകാശം പറഞ്ഞോണ്ടാണ്‌ അവനും വരുന്നതെങ്കില്‍ നേരത്തെ വരാന്‍ പറയണം.. താമസിച്ചാല്‍ പനി കിട്ടും.."

ഇത്രയും പറഞ്ഞിട്ട് പോച്ച "പട, പട , പടാന്ന് ഓടി പോയ്‌.."

ഉച്ച ആയി കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷത്തോടെ പോച്ച വന്നു..

"ഞാന്‍ ഇന്ന് ഒരു തകര്‍പ്പ് തകര്‍ത്തു.. നിന്റെ പനി കൊണ്ട് ഒരു കിടിലന്‍ നമ്പര്‍ അങ്ങ് ഇട്ടില്ലേ. ശരിക്കും ഒറിജിനല്‍ ആയിട്ടുണ്ട്‌.. എല്ലാവരും വിശ്വസിച്ചു.. അവസാനം അവര് എങ്ങാനും ആശുപത്രിയില്‍ വരുമോ എന്ന് സംശയം തോന്നിയപ്പോള്‍ മാത്രമേ ഞാന്‍ ഒരു അല്പം അയഞ്ഞു ഒള്ളു.. നിന്നെ ദെ.. ഈ കയ്യിലാ ഞാന്‍ എടുത്തോണ്ട് പോയത് അറിയാവോ..?" ഇതും പറഞ്ഞു പോച്ച അണ്ണന്‍ രണ്ടു കയ്യും നീട്ടി കാണിച്ചു..

എന്നിട്ട് എന്നോട് ഒരു കാര്യം കൂടി പറഞ്ഞു .. "പക്ഷെ നീ എന്താണെങ്കിലും ഇന്ന് ഉച്ച കഴിഞ്ഞു ക്ലാസില്‍ പോകാന്‍ ഒന്നും നിക്കണ്ട കേട്ടോ.."

"മനസിലായില്ല.."

"അതായത് ഞാന്‍ കൊറച്ച് കൂട്ടി പറഞ്ഞിരിക്കുവാ... ഇത്ര പെട്ടന്ന് ഇത്രേം ഭയങ്കര പനി പോയെന്നു പറഞ്ഞാല്‍ വിശ്വസിക്കുകേല.. തന്നെയുമല്ല .. നീ ഗ്ലുകോസ് ഒക്കെ ഡ്രിപ് ഇട്ടു കിടന്നതല്ലേ.. ക്ഷീണം ഇല്ലേ...."

"കര്‍ത്താവേ .. ഇതൊക്കെ എപ്പോ.."

"പേടിക്കണ്ട ഇതൊക്കെ ഞാന്‍ പറഞ്ഞു സെറ്റ് അപ്പ്‌ ആക്കിയിട്ടുണ്ട്.. നീ വേണേ പോയ്‌ കിടന്നു ഒറങ്ങിക്കോ, അല്ലേല്‍ സിനിമാ കണ്ടോ...."

എന്താണേലും വിശ്വാസ്യതയ്ക് വേണ്ടി അന്ന് ഉച്ച കഴിഞ്ഞും പിറ്റേ ദിവസവും ഞാന്‍ ക്ലാസില്‍ പോയില്ല..

"പനി അല്ലെ ആരോഗ്യം നോക്കണ്ടേ..?"